ഇന്ത്യ ഓസീസിനെ തകർത്ത് ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മുന്നേറി

പെർത്തിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസീസിനെ 295. റൺസിന് തോൽപ്പിച്ചു 534 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് രണ്ടാം ഇന്നിംഗ്സിൽ 238 റണ്‍സിന് പതറിയതോടെ ഇന്ത്യയ്ക്ക് അനായാസ വിജയം. ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസീസ് ബാറ്റിംഗ് നിരയെ തകർത്തു.


ബുമ്രയും സിറാജും ഓസീസിനെ പിടിച്ചു നിർത്തി


ഓസീസ് നാലാം ദിവസം മൂന്നിന് 12 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ചപ്പോൾ മുഹമ്മദ് സിറാജ് ഉസ്മാൻ ഖവാജയെ പുറത്താക്കി ഇന്ത്യക്ക് ആത്മവിശ്വാസം പകർന്നു. പിന്നീട് സ്റ്റീവൻ സ്മിത്തും സിറാജിന്റെ പന്തിൽ പുറത്തായി. ട്രാവിസ് ഹെഡ് (89) ഓസീസിനായി മികച്ച പ്രതിരോധം തീർത്തെങ്കിലും ബുമ്രയുടെ പന്തിൽ പുറത്തായി. മിച്ചൽ മാർഷിനെ നിതീഷ് കുമാർ റെഡ്ഡി പുറത്താക്കിയതോടെ ഓസീസിന്റെ തകർച്ച തുടങ്ങി. വാഷിംഗ്ടൺ സുന്ദർ മിച്ചൽ സ്റ്റാർക്ക്, നതാൻ ലിയോൺ എന്നിവരെ പുറത്താക്കി ഇന്ത്യയുടെ വിജയം ഉറപ്പാക്കി.


കോലി ജയ്‌സ്വാൾ സെഞ്ചുറി 


നേരത്തെ വിരാട് കോലിയുടെ 30-ാം ടെസ്റ്റ് സെഞ്ചുറിയും യശസ്വി ജയ്‌സ്വാളിന്റെ 4-ാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യയ്ക്ക് വൻ സ്കോർ നേടാൻ സഹായിച്ചിരുന്നു. ഇന്ത്യ ആദ്യ ഇന്നിംഗ്സ് 487/6 ന് ഡിക്ലയർ ചെയ്തിരുന്നു. ഓസീസ് ആദ്യ ഇന്നിംഗ്സ് 104 റൺസിന് അവസാനിച്ചിരുന്നു 


ഡേ-നൈറ്റ് ടെസ്റ്റിന് അഡ്‌ലെയ്ഡ് സജ്ജം


ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കും.