കൊടുങ്കാറ്റായി റയൽ മാഡ്രിഡ്‌; കൂടെപിടിച്ച് ബാർസയും തുടക്കം പിഴച്ച് അത്ലറ്റിക്കോയും

2025-26 ലാലിഗയിൽ 6 റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ കിരീടപോരാട്ടം കടുക്കുമെന്ന് സൂചന നൽകി വമ്പന്മാർ. കളിക്കാരിലും കോച്ചിലും മുതൽ കളിശൈലിയിലും ടാക്ടിക്സിലും വരെ മാറ്റവുമായി എത്തിയ റയൽ മാഡ്രിഡ്‌ തന്നെയാണ് ഇത്തവണ ആരാധകരെ കൂടുതൽ അത്ഭുതപ്പെടുത്തുന്നത്. കളിയിൽ മാത്രമല്ല കളിക്കാരുടെ മനോഭാവത്തിൽ വരെ മാറ്റം കൊണ്ടുവരാൻ പുതിയ കോച്ച് സാബി അലോൺസോക്ക് കഴിഞ്ഞു എന്ന് വ്യക്തം. പതിവിൽ നിന്ന് ഏറെ വ്യത്യസ്തമായി ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാത്ത, കെട്ടുറപ്പില്ലാതിരുന്ന ഒരു റയലിനെ ആണ് കടന്നുപോയ സീസണിൽ നമ്മൾ കണ്ടത്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും അടക്കം തിരിച്ചടി നേരിട്ട റയൽ ഇത്തവണ എത്തുന്നത് അടിമുടി മാറിയ ഒരു പുതുസംഘമായിട്ടാണ്. ബാർസലോണ അടക്കമുള്ള ക്ലബ്ബുകൾക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്നുറപ്പ്.


ലീഗിൽ ആറ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറിൽ ആറും ജയിച്ച് എതിരാളികളില്ലാതെ പോയിന്റ് പട്ടികയുടെ തലപ്പത്താണ് മാഡ്രിഡ്‌. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി ബാർസ തൊട്ടുപിന്നിൽ തന്നെ ഉണ്ടെങ്കിലും, അവർക്ക് കാര്യങ്ങൾ അത്ര സുഖകരമല്ല. പരിക്കുകളും ടീമിലെ പല പൊസിഷനുകളിലും വേണ്ടത്ര പകരക്കാരില്ലാത്തതും ടീമിനെ സാരമായി ബാധിക്കുന്നുണ്ട്. ടീമിലെ പ്രധാനികളായ യമാലും ഗാവിയും ഫെർമിനുമെല്ലാം പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി. കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രതിരോധനിരയെ താങ്ങിനിർത്തിയ ഇനിഗോ മാർട്ടിനെസിന്റെ അപ്രതീക്ഷിത പടിയിറക്കം ബാർസയുടെ പ്രതിരോധത്തിൽ കാര്യമായ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഗോളടിച്ച് കൂട്ടുന്നതിൽ ബാർസ താരങ്ങൾ ഒരു പിശുക്കും കാണിക്കുന്നില്ല എന്നതാണ് സത്യം. അഞ്ച് മത്സരങ്ങളിൽ നിന്നും പതിനാറ് ഗോളുകൾ അടിച്ചുകൂട്ടിയ ബാർസ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. കഴിഞ്ഞ സീസണിൽ പുറത്തെടുത്ത ആവിശ്വസനീയ പ്രകടനം ഇത്തവണയും ആവർത്തിക്കുക എന്നതാണ് ഹാൻസി ഫ്ലിക്കിന്റെയും ടീമിന്റെയും മുന്നിലുള്ള വെല്ലുവിളി. ലീഗും കോപ ഡെൽ റേയും ഉൾപ്പടെ ഡോമെസ്റ്റിക് ട്രെബിൾ നേടി ചരിത്രം സൃഷ്ടിച്ചെങ്കിലും അവസാന നിമിഷം കൈവിട്ട് കളഞ്ഞ ചാമ്പ്യൻസ് ലീഗ് ഇത്തവണ നേടി ആരാധകർക്ക് സമ്മാനിക്കാൻ തന്നെയാവും ഫ്ലിക്കിന്റെ തീരുമാനം.


ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ അവസ്ഥ. ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായി ഇടപ്പെട്ട് മികച്ച പല താരങ്ങളെയും ടീമിൽ എത്തിച്ചെങ്കിലും താളം കണ്ടെത്താനാവാതെ കുഴയുകയാണ് സിമിയോണിയും സംഘവും. ഗോളുകൾ അടിച്ച് കൂട്ടി ജൂലിയൻ ആൽവരസ് മികച്ച ഫോമിൽ തുടരുമ്പോഴും ടീം സമനിലയിലും തുടർതോൽവികളിലും കുടുങ്ങുന്നത് ആരാധകർക്ക് തലവേദന ആവുകയാണ്. ആറ് കളിയിൽ നിന്നും ഒൻപത് പോയിന്റ് മാത്രം നേടി ഒൻപതാം സ്ഥാനത്താണ് അത്ലറ്റി. മികച്ച തുടക്കം ലഭിച്ച വിയ്യാറയൽ ആണ് പതിമൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത്.


താരങ്ങളിലേക്ക് വന്നാൽ അതിഗംഭീര ഫോമിൽ സീസണ് തുടക്കമിട്ട കിലിയൻ എമ്പാപ്പെ തന്നെയാണ് റയലിന്റെ തുറുപ്പുചീട്ട്. ആറ് കളിയിൽ നിന്ന് ഏഴ് ഗോളുകളുമായി ടോപ് സ്കോറർ പോരാട്ടത്തിലും ഒന്നാമൻ എമ്പാപ്പെ തന്നെ. യുവതാരങ്ങളായ അർദാ ഗൂളറും അര്ജന്റീനയുടെ മസ്റ്റാന്റുവാനോയും പുതിയ കോച്ചിന് കീഴിൽ താളം കണ്ടെത്തികഴിഞ്ഞു. നാല് വീതം ഗോളുകളുമായി ബാർസയുടെ ഫെറാൻ ടോറസും അത്ലറ്റിക്കോയുടെ ആൽവരസും മികച്ച ഫോമിൽ തുടരുന്നു.