ലിവർപൂളിന് നാടകീയ വിജയം, ബൗൺമൗത്ത് കീഴടങ്ങി

ബോൺമൗത്തിനെതിരായ ആവേശകരമായ പോരാട്ടത്തിൽ നാടകീയ വിജയം സ്വന്തമാക്കി ലിവർപൂൾ. 2025-26 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ 4-2നാണ് ലിവർപൂൾ വിജയിച്ചത്. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഫെഡറിക്കോ കിയേസ നേടിയ തകർപ്പൻ ഗോളാണ് ലിവർപൂളിന് 3 പോയിന്റ് നേടിക്കൊടുത്തത്.

ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂളിന്റെ യുവതാരം ഹ്യൂഗോ എകിറ്റികെയാണ് കളിക്ക് ജീവൻ നൽകിയത്. 37-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ എകിറ്റികെ ലിവർപൂളിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ എകിറ്റികെയുടെ അസിസ്റ്റിൽ നിന്ന് കോഡി ഗാക്പോ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ ലിവർപൂൾ അനായാസം വിജയിക്കുമെന്ന് ആരാധകർ വിശ്വസിച്ചു.

എന്നാൽ, അപ്രതീക്ഷിതമായി ബോൺമൗത്ത് കളിയിലേക്ക് തിരിച്ചുവന്നു. അന്റോയിൻ സെമെന്യോയുടെ ഇരട്ട ഗോളുകളാണ് ബോൺമൗത്തിന് തുണയായത്. ഇതിൽ രണ്ടാമത്തെ ഗോൾ മനോഹരമായ കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു. അതോടെ സ്കോർ 2-2! ഇതോടെ ലിവർപൂൾ സമ്മർദ്ദത്തിലായി.

കളി സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച നിമിഷത്തിലാണ് ലിവർപൂളിന്റെ രക്ഷകനായി ഫെഡറിക്കോ കിയേസ എത്തിയത്. പകരക്കാരനായി ഇറങ്ങിയ കിയേസ 88-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് സമീപത്ത് നിന്ന് ഒരു വോളിയിലൂടെ വിജയ ഗോൾ നേടി. ഇതോടെ ലിവർപൂൾ ആരാധകർ ആവേശത്തിലായി.

അവസാന നിമിഷം മുഹമ്മദ് സലാഹ് കൂടി ഗോൾ നേടിയതോടെ ലിവർപൂളിന്റെ വിജയം പൂർത്തിയായി. യുവതാരങ്ങളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും മികച്ച പ്രകടനമാണ് ലിവർപൂളിനെ ഈ നാടകീയ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയം പുതിയ സീസണിൽ ലിവർപൂളിന് വലിയ ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്.