കെസിഎൽ ഫൈനലിൽ കൊച്ചിയ്ക്കെതിരെ കൊല്ലത്തിന് 182 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: കെസിഎൽ രണ്ടാം സീസൻ്റെ ഫൈനലിൽ കൊല്ലം സെയിലേഴ്സിനെതിരെ 182 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. വിനൂപ് മനോഹരൻ്റെയും ആൽഫി ഫ്രാൻസിസിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൊച്ചിയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.


അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് തകർച്ച. ഒടുവിൽ അവസാന ഓവറുകളിൽ വീണ്ടും തകർത്തടിച്ച് മികച്ച സ്കോറിലേക്ക്.  ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ഇന്നിങ്സിനെ അങ്ങനെ വിശേഷിപ്പിക്കാം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂർണ്ണമെൻ്റിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നായിരുന്നു. വിപുൽ ശക്തിയെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരൻ്റെ അതിമനോഹര ഇന്നിങ്സ് കൊച്ചിയ്ക്ക് തകർപ്പൻ തുടക്കം നല്കി. മൂന്നാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ വിനൂപ്, അടുത്ത ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ കൊച്ചിയുടെ സ്കോർ അൻപതിലെത്തി. 20 പന്തുകളിൽ വിനൂപ് തൻ്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. ഷറഫുദ്ദീൻ്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകൾ വിനൂപ് തുടരെ വീണ്ടും അതിർത്തി കടത്തി. 


എന്നാൽ എട്ടാം ഓവറിൽ എം എസ് അഖിലിനെ പന്തേല്പിച്ച സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയർത്തിയടിക്കാനുള്ള വിനൂപ് മനോഹരൻ്റെ ശ്രമം പക്ഷെ ക്യാച്ചിലൊതുങ്ങി. ബൌണ്ടറി ലൈനിന് അരികെയുള്ള അഭിഷേക് ജെ നായരുടെ ഉജ്ജ്വല ക്യാച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതി. 30 പന്തുകളിൽ ഒൻപത് ഫോറും നാല് സിക്സുമുൾപ്പടെ 70 റൺസാണ് വിനൂപ് നേടിയത്. തുടർന്ന് കണ്ടത് കൊച്ചി ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്ച. എട്ട് റൺസെടുത്ത സാലി സാംസൻ അജയഘോഷിൻ്റെ പന്തിൽ സച്ചിൻ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റൺസിനും അജീഷ് പൂജ്യത്തിനും പുറത്തായി. സെമിയിലെ രക്ഷകനായ നിഖിൽ തോട്ടത്ത് പത്ത് റൺസെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിൻ ജോബി 12ഉം മൊഹമ്മദ് ആഷിഖ് ഏഴ് റൺസും നേടി പുറത്തായി. എന്നാൽ ആൽഫി ഫ്രാൻസിസിൻ്റെ  ഉജ്ജ്വല ഇന്നിങ്സ് അവസാന ഓവറുകളിൽ കൊച്ചിയ്ക്ക് തുണയായി. 25 പന്തുകളിൽ 47 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി പവൻ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.