ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്

"സാധ്യതകൾ വലുപ്പത്തിൽ അല്ല, ആത്മവിശ്വാസത്തിലാണ്" എന്ന പാഠമാണ് കേപ്പ് വെർഡെയുടെ ലോകകപ്പ് യാത്ര ലോകം കാണുന്നത്.ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ മാത്രം രാജ്യമെന്ന നേട്ടമാണ് ഈ കുഞ്ഞുരാജ്യം സ്വന്തമാക്കിയത്.


സ്വന്തം കാണികൾക്കു മുമ്പിൽ നടന്ന നിർണായക മത്സരത്തിൽ എസ്വാറ്റിനിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേപ് വെർഡെ തകർത്തത്. ഡെയ്‌ലോൺ ലിവ്‌റമെന്‍റോ , വില്ലി സെമെഡോ, സ്റ്റോപ്പിറ എന്നിവരാണ് ടീമിനായി വലകുലുക്കിയത്.ഇതോടെ പത്ത്‌ കളിയിൽ 23 പോയിന്റുമായി ഒന്നാംസ്ഥാനക്കാരായി. യോഗ്യതാ റ‍ൗണ്ടിൽ തോറ്റത്‌ ഒറ്റക്കളിയിൽ മാത്രം.ഫിഫ റാങ്കിങ്ങിൽ 70-ാം സ്ഥാനത്തുള്ള ഇവരുടെ ടീമിൽ യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ കളിക്കുന്ന ഒരു താരമേയുള്ളൂ. വിയ്യാറയലിന്റെ പ്രതിരോധ താരം ലോഗൻ കോസ്റ്റ. ബാക്കിയെല്ലാവരും പോർച്ചുഗൽ, തുർക്കി, സൗദി, യു.എ.ഇ ഹംഗറി, റഷ്യ, ഇസ്രായേൽ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ പന്തുതട്ടുന്നവരാണ്.


നീല സ്രാവുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ ടീമിന്റെ പരിശീലകൻ  പെഡ്രോ ബ്രിറ്റോയാണ്.ബുബിസ്റ്റ എന്ന പേരിലാണ് കേപ് വെർഡെയിലെ മനുഷ്യർക്കിടയിൽ ബ്രിറ്റോ അറിയപ്പെടുന്നത്. അഞ്ച് വർഷംമുമ്പാണ് അദ്ദേഹം ചുമതലയേറ്റത്‌. സെപ്‌തംബറിൽ കരുത്തരായ കാമറൂണിനെ ഒറ്റഗോളിന് തോൽപ്പിച്ചാണ് കരുത്തുകാട്ടിയത്.രാജ്യത്തെ അതിൻറെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് പിന്നിൽ ചരടുവലിച്ചതയാളാണ്.


1975 വരെ പോർച്ചുഗലിന്റെ കോളനിയായിരുന്ന കേപ് വെർഡെ ആഫ്രിക്കയിൽനിന്ന് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്ന ആറാമത്തെ രാജ്യവും മൂന്നാമത്തെ നവാഗതരുമാണ്. ഏഷ്യയിൽ നിന്ന് യോഗ്യത ഉറപ്പിച്ച ഉസ്ബെക്കിസ്ഥാനും ജോർദാനുമാണ് മറ്റു നവാഗതർ. 2002ലെ ജപ്പാൻ കൊറിയ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ആദ്യമായി കളിക്കുന്നത്. കഴിഞ്ഞമാസം നാട്ടിൽ നടന്ന മത്സരത്തിൽ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ഗ്രൂപ്പ് ഡിയിൽ കേപ് വെർഡെ പോൾ പൊസിഷനിലെത്തുന്നത്.ഇതിന് മുൻപ് 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ കളിച്ച ഐസ്ലാൻഡ് ടീമാണ് ഏറ്റവും ചെറിയ രാജ്യം.


ലോകകപ്പ് വേദിയിലേക്ക് കാൽവെക്കുന്ന ഈ ചെറുരാജ്യത്തിന്റെ കഥ, ഫുട്ബാളിനെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നവർക്കും സാധാരണക്കാർക്കും പ്രചോദനമാണ്. സ്വപ്നങ്ങൾ കാണാൻ ധൈര്യമുള്ളവർക്ക്, അവരുടെ പരിമിതികളെ ആത്മവിശ്വാസത്തോടെ നേരിട്ടാൽ  എല്ലാം നേടാൻ സാധിക്കും എന്നതിന് ഉദാഹരണമാണ് ഈ നീലസ്രാവുകൾ.