കൊല്ലം സെയിലേഴ്സിന് ത്രില്ലിംഗ് വിജയം; തൃശൂർ ടൈറ്റൻസ് വീണു

തിരുവനന്തപുരം: ആവേശത്തിന്റെ മുൾമുനയിൽ നിന്ന മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം സെയിലേഴ്സ് തൃശൂർ ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. മഴയെ തുടർന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം, അഞ്ച് പന്തുകൾ ബാക്കി നിൽക്കെ സെയിലേഴ്സ് മറികടന്നു. പ്ലെയർ ഓഫ് ദി മാച്ച് എം.എസ്. അഖിലിന്റെ മിന്നും പ്രകടനമാണ് കൊല്ലത്തിന് വിജയം സമ്മാനിച്ചത്.

ടൈറ്റൻസിന്റെ തകർച്ചയും തിരിച്ചു വരവും

ഓപ്പണർമാർ വേഗം പുറത്തായെങ്കിലും, ഷാൻ റോജറും അർജുൻ എ.കെ.യും ചേർന്നുള്ള കൂട്ടുകെട്ടാണ് തൃശൂർ ടൈറ്റൻസിന് കരുത്തായത്. വരുൺ നായനാർ 22 റൺസെടുത്ത് പുറത്തായ ഉടൻ മഴയെത്തി. കളി പുനരാരംഭിച്ചപ്പോൾ വെറും മൂന്നര ഓവർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ ഷോൺ റോജറും അർജുനും ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ കൂറ്റൻ അടികൾ ടൈറ്റൻസിന്റെ സ്കോർ ഉയർത്തി. വെറും 14 പന്തിൽ നിന്ന് ഒരു ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 44 റൺസ് നേടിയ അർജുൻ അവസാന ഓവറിൽ മാത്രം 24 റൺസ് നേടി. ഷോൺ റോജർ 29 പന്തിൽ 51 റൺസെടുത്തു.

അഖിലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലം സെയിലേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. പ്രധാന ബാറ്റ്‌സ്മാന്മാരായ സച്ചിൻ ബേബിയും ആഷിക് മുഹമ്മദും പുറത്തായതോടെ കൊല്ലം പതറി. എന്നാൽ കളി കൈവിട്ടെന്ന് തോന്നിച്ച നിമിഷത്തിൽ, ഷറഫുദ്ദീനും എം.എസ്. അഖിലും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. അജിനാസ് എറിഞ്ഞ നിർണായകമായ പത്താം ഓവറിൽ തുടർച്ചയായി നാല് സിക്സുകൾ പറത്തി അഖിൽ കളിയുടെ ഗതി മാറ്റി. ഷറഫുദ്ദീൻ 23 റൺസെടുത്ത് പുറത്തായെങ്കിലും, 12 പന്തിൽ നിന്ന് രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്ന അഖിൽ കൊല്ലത്തെ വിജയത്തിലെത്തിച്ചു.

ടൈറ്റൻസിന് വേണ്ടി അജിനാസ് മൂന്നും ആദിത്യ വിനോദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഈ വിജയത്തോടെ ആറ് പോയിന്റുമായി കൊല്ലം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു