കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകർപ്പൻ ജയം; ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണിലെ രണ്ടാം മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. മികച്ച ഓൾറൗണ്ട് പ്രകടനമാണ് കൊച്ചിക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം കൊച്ചി 11.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 97 റൺസിന് എല്ലാവരും പുറത്തായി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ബൗളർമാരാണ് കൊച്ചിയുടെ വിജയത്തിന് അടിത്തറയിട്ടത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ അഖിൻ സത്താറും മുഹമ്മദ് ആഷിഖുമാണ് ട്രിവാൻഡ്രം ബാറ്റിങ് നിരയെ തകർത്തത്. 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് അഖിൻ 3 വിക്കറ്റുകൾ നേടിയതെങ്കിൽ, 3 ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് ആഷിഖ് 3 വിക്കറ്റുകൾ നേടിയത്. കെ.എം. ആസിഫ് ഒരു വിക്കറ്റ് നേടി.

ട്രിവാൻഡ്രം നിരയിൽ അഭിജിത്ത് പ്രവീൺ (28), ബേസിൽ തമ്പി (20), അബ്ദുൽ ബാസിത്ത് (17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണർ സുബിൻ എസ്. റണ്ണൗട്ടായി മടങ്ങിയതോടെ ട്രിവാൻഡ്രത്തിന്റെ തകർച്ച തുടങ്ങി. ആദ്യ നാല് വിക്കറ്റുകളിൽ മൂന്നും റണ്ണൗട്ടിലൂടെയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കുവേണ്ടി ക്യാപ്റ്റൻ സാലി വിശ്വനാഥ് അർധസെഞ്ചുറി (50) നേടി. ഓപ്പണർ മുഹമ്മദ് ഷാനു (23) മികച്ച പിന്തുണ നൽകി. വിനൂപ് മനോഹരൻ (14), ജോബിൻ ജോബി (8) എന്നിവരും ടീമിനായി സംഭാവനകൾ നൽകി. സൂപ്പർ താരം സഞ്ജു സാംസൺ അഞ്ചാമനായാണ് ഇറങ്ങേണ്ടിയിരുന്നത് എന്നതിനാൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.