കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ 7.4 ലക്ഷം രൂപയ്ക്ക് എം.എസ്. അഖിലിനെ സ്വന്തമാക്കി ട്രിവാൻഡ്രം റോയൽസ്. തൃശൂർ ടൈറ്റൻസ് 7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാരെ സ്വന്തമാക്കി. ഓൾ റൗണ്ടർ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും സ്വന്തമാക്കി. ഏഴ് ലക്ഷം രൂപയ്ക്കാണ് താരങ്ങളെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും സ്വന്തമാക്കിയത്. 50,000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കി. പ്രശസ്ത ചാരു ശർമാണ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന താരലേലം നിയന്ത്രിച്ചത്. കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ അണിനിരത്തിയത്. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരെ ‘എ’ വിഭാഗത്തിൽ രണ്ടു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചത്. സി.കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചത്. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരെയും ക്ലബ് ക്രിക്കറ്റർമാരുമാരെയും ‘സി’ വിഭാഗത്തില്‍പ്പെടുത്തി 50,000 രൂപ അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചാണ് ലേലം നടത്തിയത്.ബി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏഴ് പേര്‍ എ വിഭാഗത്തിന്റെ അടിസ്ഥാന തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം നേടി. ഈ വിഭാഗത്തില്‍ ഓള്‍ റൗണ്ടര്‍ അക്ഷയ് മനോഹര്‍ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സാണ് അക്ഷയ് മനോഹറിനെ സ്വന്തമാക്കിയത്.ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. സെപ്റ്റംബർ 2 മുതൽ 19 വരെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. "രാവും പകലും ഉൾപ്പെടെ ഓരോ ദിവസവും ആവേശകരമായ രണ്ട് മത്സരങ്ങൾക്കായി ആരാധകർക്ക് കാത്തിരിക്കാം. മലയാളത്തിന്റെ മഹാനടനും കെസിഎല്ലിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ 2024 ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യും