സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)

കോഴിക്കോട്: സംഗീതത്തിന്റെയും വർണ്ണവിസ്മയങ്ങളുടെയും മാസ്മരികതയിൽ സൂപ്പർ ലീഗ് കേരളയുടെ (എസ്.എൽ.കെ.) രണ്ടാം സീസണിന് ആവേശോജ്വലമായ കിക്കോഫ്. ഇ.എം.എസ്. സ്റ്റേഡിയത്തെ ഇളക്കിമറിച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആതിഥേയരായ കാലിക്കറ്റ് എഫ്.സി. (Calicut FC) ഫോഴ്‌സ കൊച്ചിയെ (Force Kochi) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു. പകരക്കാരനായി ഇറങ്ങിയ അരുൺ കുമാറിന്റെ ഇഞ്ചുറി ടൈം ഗോളാണ് കാലിക്കറ്റിന് വിജയകിരീടം ചാർത്തിയത്.


ആദ്യ ഗോൾ റിങ്കോണിന്റെ ബൂട്ടിൽ

വലിയ ശ്രദ്ധയോടെ ഇരുടീമുകളും കളിച്ചുതുടങ്ങിയ മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ നാടകീയമായി കാലിക്കറ്റ് ലീഡെടുത്തു. പെനാൽറ്റി ബോക്സിൽ റിയാസിനെ വീഴ്ത്തിയതിന് റഫറി വെങ്കിടേഷ് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കൊളംബിയൻ താരം സെബാസ്റ്റ്യൻ റിങ്കോൺ ലുകാമിക്ക് പിഴച്ചില്ല. സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ ആദ്യ ഗോൾ റിങ്കോൺ സ്വന്തമാക്കി.


ഗോൾ വഴങ്ങിയതോടെ ഡഗ്ലസ് റോസയും നിജോ ഗിൽബർട്ടും അടങ്ങിയ കൊച്ചിപ്പടയുടെ ആക്രമണങ്ങൾ ശക്തമായെങ്കിലും ഫലം കണ്ടില്ല. മുപ്പത്തിയൊമ്പതാം മിനിറ്റിൽ നിജോയുടെ കോർണർ കിക്കിൽ ഗിഫ്റ്റിക്ക് പന്ത് തൊടാൻ കഴിയാതെ പോയത് കൊച്ചിക്ക് തിരിച്ചടിയായി. ആദ്യ പകുതി കാലിക്കറ്റിന്റെ ഒരു ഗോൾ ലീഡിൽ (1-0) അവസാനിച്ചു.


തിരിച്ചടിച്ച് കൊച്ചി; രക്ഷകനായി അരുൺ കുമാർ

രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 65-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിന്റെ ക്രോസിന് ഡഗ്ലസ് റോസ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തായി. 81-ാം മിനിറ്റിൽ നിജോയുടെ തകർപ്പൻ ഫ്രീകിക്ക് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മൽ പറന്നുയർന്ന് രക്ഷപ്പെടുത്തിയത് കയ്യടി നേടി.


ഒടുവിൽ, ഗോളിനായുള്ള നിജോ ഗിൽബെർട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിന് എൺപത്തിയെട്ടാം മിനിറ്റിൽ ഫലം കണ്ടു. പകരക്കാരനായെത്തിയ സംഗീത് സതീഷ് നൽകിയ മികച്ച ക്രോസിൽ ഡഗ്ലസ് റോസയുടെ ഹെഡ്ഡർ വലയിൽ! (1-1).


സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ നാടകീയത ബാക്കി. ഇഞ്ചുറി ടൈമിൽ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കാലിക്കറ്റ് വിജയഗോൾ നേടി. പ്രശാന്ത് മോഹൻ വലതു വിങ്ങിൽ നിന്ന് നൽകിയ മനോഹരമായ ക്രോസ്, പകരക്കാരനായെത്തിയ അരുൺ കുമാർ കൊച്ചിയുടെ വലയിലേക്ക് തിരിച്ചുവിട്ടു (2-1). വിജയഗോൾ നേടിയ അരുൺ കുമാറാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.