2014 നവംബർ 25, ഓസ്ട്രേലിയൻ ക്രിക്കറ്റ് ലോകം ഒരു ഞെട്ടിക്കുന്ന സംഭവത്തിൽ നിന്നും ഉണർന്നു. തിളക്കമാർന്ന ഭാവി പ്രവചിക്കപ്പെട്ടിരുന്ന യുവ താരം ഫിൽ ഹ്യൂസ് മരണപെട്ടിരിക്കുന്നു! . 25-ാം വയസ്സിൽ വിട പറഞ്ഞ ഹ്യൂസിന്റെ മരണം, ക്രിക്കറ്റ് ലോകത്തെ മാത്രമല്ല, കായികലോകത്തെ മൊത്തത്തിലും നടുക്കിയിരുന്നു.
ഒരു ആഭ്യന്തര മത്സരത്തിനിടയിൽ, ബൗൺസർ തലയിൽ പതിച്ചാണ് ഹ്യൂസ് പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ക്രിക്കറ്റ് പിച്ചിൽ നിന്ന് ഒരു താരം ഇങ്ങനെ വിട പറയുന്നത്, ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി.
ഹ്യൂസിന്റെ മരണം ഓസ്ട്രേലിയയിൽ ദേശീയ ദുഃഖത്തിന് ഇടയാക്കി. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കടക്കമുള്ള താരങ്ങൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ ആഴത്തിൽ വേദനിച്ചു. ഹ്യൂസിന്റെ സംസ്കാര ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തു, അദ്ദേഹത്തിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തെ ഒന്നായി കണ്ണീരിൽ ആഴ്ത്തി .
Forever 63 not out. Forever in our hearts.
— Cricket Australia (@CricketAus) November 26, 2024
10 years on, we remember Phillip Hughes. pic.twitter.com/TxN1TWwXxM
ഹ്യൂസ് ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നു. മൂന്ന് സെഞ്ചുറികളും ഏഴ് അർദ്ധസെഞ്ചുറികളും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച നേട്ടങ്ങളായിരുന്നു. ഏകദിന ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ ഏക ഓസ്ട്രേലിയൻ താരമെന്ന നേട്ടം ഹ്യൂസിന് സ്വന്തമായിരുന്നു.
ഹ്യൂസിന്റെ അപ്രതീക്ഷിത മരണം, ക്രിക്കറ്റ് സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജ്ജം പകർന്നു. ക്രിക്കറ്റ് ഹെൽമെറ്റുകളുടെ രൂപകൽപനയിലും സുരക്ഷാ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഹ്യൂസിന്റെ ജീവൻ ആണ് കൊടുക്കേണ്ടി വന്നത്
ഫിൽ ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ലോകത്തെ നൊമ്പരപ്പെടുത്തിയ ഒരു സംഭവമായിരുന്നു. ഒരു തിളക്കമാർന്ന ഭാവി പ്രതീക്ഷിച്ചിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ, ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുന്ന ഒരു മുറിവായിരിക്കും