എട്ടാം തവണയും ഫുട്ബോളിലെ രാജാവായി ലയണൽ മെസ്സി. കഴിഞ്ഞ ഡിസംബറിൽ അർജൻ്റീനയ്ക്കു വേണ്ടി ഫുട്ബോൾ ലോക കപ്പ് പൊരുതി നേടിയ ലയണൽ മെസ്സിയുടെ കൈകളിലേക്ക് മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പരമോന്നത പുരസ്‌കാരവും. എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ നേടുന്നത്. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മുൻനേട്ടങ്ങൾ. 5 തവണ ഈ പുരസ്‌കാരം നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസ്സിക്കു പിന്നിൽ രണ്ടാമതുള്ളത്. വനിതാ ലോകകപ്പിൽ ചാംപ്യൻമാരായ സ്പെയിൻ ടീമിലെ മിഡ്‌ഫീൽഡർ അയ്റ്റാന ബോൺമറ്റിയാണ് ഇത്തവണ മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്‌കാരം നേടിയത്. വനിതാ ചാംപ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാർസിലോനയെ ചാംപ്യൻമാരാക്കുന്നതിലും ബോൺമറ്റി നിർണായക പങ്കു വഹിച്ചു. മികച്ച യുവതാരത്തിനു ള്ള കോപ്പ ട്രോഫി റയൽ മഡ്രിഡിന്റെ ഇംഗ്ലിഷ് താരം ജൂഡ് ബെല സ്വന്തമാക്കി. അർജന്റീനയെ ലോകചാംപ്യൻ മാരാക്കുന്നതിൽ മെസ്സിക്കൊപ്പം നിർണായക പങ്കുവഹിച്ച എമിലി യാനോ മാർട്ടിനസിനാണ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം. മാഞ്ചസ്‌റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട് മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം നേടി. തന്റെ ഈ ചരിത്ര നേട്ടം തന്റെ പ്രിയപ്പെട്ട മറഡോണക്ക് സമർപ്പിക്കുന്നതായി മെസ്സി പറഞ്ഞു. ‘ലോകചാംപ്യൻമാരാവുക എന്നതായിരുന്നു ഞങ്ങളുടെ വലിയ ലക്ഷ്യം. അതു സാധിച്ചതിന്റെ സന്തോഷം എന്നെ ഒരിക്കലും വിട്ടുപോവില്ല. ജീവിതകാലം മുഴുവൻ അത് ആസ്വദിക്കാനാവുമെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും നന്ദി..’’– പുരസ്കാരവേദിയിൽ തന്റെ അർജന്റീന സഹതാരങ്ങളെ സാക്ഷിയാക്കി മെസ്സി പറഞ്ഞു. അർജന്റീന ഇതിഹാസതാരം ഡിയേഗോ മറഡോണയ്ക്കും മെസ്സി ആദരമർപ്പിച്ചു. ‘‘ഡിയേഗോ, ഈ പുരസ്കാരം ഞാൻ താങ്കളുമായി പങ്കുവയ്ക്കുന്നു’. സുന്ദരമായ ഒരു യാദൃച്ഛികത പോലെ മറഡോണയുടെ 63–ാം ജന്മദിനം കൂടിയായിരുന്നു തിങ്കളാഴ്ച.