ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട താരമായിരുന്നു റിഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനെ വിട്ട് ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ എത്തിയ പന്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം പണം അല്ലെന്നും ടീം ഉടമകളുമായുള്ള ആശയക്കലഹമാണെന്നും ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമ പാർത്ഥ് ജിൻഡൽ വ്യക്തമാക്കി.
ഒമ്പത് സീസണുകളിൽ ഡൽഹിക്കായി കളിച്ച റിഷഭ് പന്ത് മൂന്ന് സീസണുകളിൽ ടീമിനെ നയിച്ചിരുന്നു. പന്തിന്റെ പോക്ക് പ്രതിഫല തർക്കത്തെ തുടർന്നാണെന്ന വാർത്തകളെ തള്ളിക്കളയുകയായിരുന്നു ജിൻഡൽ. അദ്ദേഹം പറഞ്ഞു, "പണം ഞങ്ങൾക്കും റിഷഭ് പന്തിനും ഒരു പ്രശ്നമായിരുന്നില്ല. ഞങ്ങൾക്കിടയിലെ ഭിന്നത ആശയപരമായിരുന്നു. ഞങ്ങൾ ടീമിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു റിഷഭിന്റെ ചിന്ത."
.@DelhiCapitals 🙌#RP17 pic.twitter.com/DtMuJKrdIQ
— Rishabh Pant (@RishabhPant17) November 26, 2024
ടീം ഉടമകളുടെയും റിഷഭ് പന്തിന്റെയും ചിന്താരീതി വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പന്തിനെ നിലനിർത്താൻ ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ കഴിഞ്ഞില്ല. "അവൻ എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് റിഷഭ് പന്തിനോട് തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. പന്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് കുറച്ച് വിലയിരുത്തലുകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും ചർച്ച ചെയ്തിട്ടുണ്ട്."
റിഷഭ് പന്തിന്റെ ലക്ഷ്യം ഇന്ത്യൻ ക്യാപ്റ്റനാവുകയാണെന്നും അത് വ്യക്തമാക്കിയതായും ജിൻഡൽ പറഞ്ഞു. ഐപിഎൽ ക്യാപ്റ്റനാവുന്നത് ആ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഐപിഎൽ താരലേലത്തിൽ റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.