തിരുവനന്തപുരം: കായികപ്രേമികൾക്ക് ആവേശം പകരാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിച്ച കെസിഎൽ ഫാൻ വില്ലേജും ഔദ്യോഗിക മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഫാൻ വില്ലേജിന്റെ ഉദ്ഘാടനം നിർവഹിച്ചു.
"കളിക്കളത്തിലെ ആവേശത്തിനപ്പുറം, കുടുംബങ്ങളെയും കുട്ടികളെയും കായികരംഗത്തേക്ക് ആകർഷിക്കുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹമാണ്," ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റിനെ ഒരു ഉത്സവമാക്കി മാറ്റുന്ന ഫാൻ വില്ലേജ്, കായിക സംസ്കാരം വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ചടങ്ങിൽ വെച്ച് കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ഔദ്യോഗിക മൊബൈൽ ആപ്പും പ്രകാശനം ചെയ്തു.
വിനോദവും സമ്മാനങ്ങളും നിറഞ്ഞ ഫാൻ വില്ലേജ്
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ ഗേറ്റിലൂടെ പ്രവേശിക്കാവുന്ന ഫാൻ വില്ലേജിൽ പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന ദിവസം തന്നെ നിരവധി കുടുംബങ്ങളും യുവജനങ്ങളും ഫാൻ വില്ലേജ് സന്ദർശിക്കാനെത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായി മിനി ക്രിക്കറ്റ്, ബൗളിംഗ്, ഡാർട്ട്, ഹൂപ്ല, സ്പീഡ് ബോൾ തുടങ്ങിയ രസകരമായ ഗെയിമുകളും ആകർഷകമായ സമ്മാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, വൈവിധ്യമാർന്ന ഭക്ഷണശാലകളും കെസിഎൽ ഭാഗ്യചിഹ്നങ്ങളോടൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരവുമുണ്ട്. മത്സരങ്ങൾ കാണാനെത്തുന്നവർക്ക് കളിയോടൊപ്പം ഒരു ഉത്സവപ്രതീതി നൽകുകയാണ് ഫാൻ വില്ലേജിന്റെ പ്രധാന ലക്ഷ്യം. കെസിഎൽ ഫാൻ വില്ലേജ് ഫൈനൽ ദിവസം വരെ ഗ്രീൻഫീൽഡിൽ പ്രവർത്തിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതലാണ് പ്രവേശനം.
വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിച്ച് കെസിഎൽ മൊബൈൽ ആപ്പ്
മത്സരങ്ങളുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ, ചിത്രങ്ങൾ, പോയിന്റ് ടേബിളുകൾ തുടങ്ങിയവയെല്ലാം കെസിഎൽ ആപ്പിൽ ലഭ്യമാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. കെസിഎല്ലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉപയോക്താക്കളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയത്. ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാൻ വില്ലേജിലെ ക്യുആർ കോഡ് സ്കാൻ ചെയ്തും ആപ്പിലെ പോളുകൾക്ക് ഉത്തരം നൽകിയും ലഭിക്കുന്ന ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ച് കെസിഎൽ ഉത്പന്നങ്ങൾ വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഉദ്ഘാടന ചടങ്ങിൽ കെസിഎ മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ, കെസിഎ സിഇഒ മിനു ചിദംബരം, കെസിഎൽ ടൂർണമെൻ്റ് ഡയറക്ടർ രാജേഷ് തമ്പി തുടങ്ങിയവരും പങ്കെടുത്തു