കലിംഗ സൂപ്പർ കപ്പ് ഗ്രൂപ്പ് സിയിൽ ഗോകുലം കേരളയ്‌ക്കെതിരെ മുംബൈ സിറ്റി എഫ്‌സി തകർപ്പൻ ജയം. ആദ്യം ലീഡ് നേടിയെങ്കിലും മുംബൈയോട് 2-1ന് ഗോകുലം പരാജയപ്പെട്ടു. 23-ാം മിനിറ്റിൽ ഗോകുലത്തിന്റെ ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് ഗോൾ നേടി ഗോകുലത്തിനെ മുന്നിൽ എത്തിച്ചിരുന്നു. ആദ്യ പകുതിയിൽ 1-0ന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മുംബൈ മുന്നേറ്റം തുടർന്നു. 76-ാം മിനിറ്റിൽ എൽ ഖയാതിയുടെ അസിസ്റ്റിൽ മുംബൈയുടെ ആയുഷ് ഛിക്കരയാണ് കളി സമനിലയിലാക്കിയത്. മത്സരം സമനിലയിലാണെന്ന് തോന്നിയ നിമിഷം തന്നെ മുംബൈയ്ക്ക് അപ്രതീക്ഷിതമായി പെനാൽറ്റി ലഭിച്ചതോടെ കളി നിർണായക വഴിത്തിരിവായി. ഇഞ്ചുറി ടൈമിൽ, പെനാൽറ്റി ഏരിയയ്ക്കുള്ളിൽ ഗോകുലത്തിന്റെ ബാസിത് നടത്തിയ ഫൗൾ കാരണം മുംബൈയുടെ നൊഗ്വേരയ്ക്ക് പെനാൽറ്റി അനുവദിച്ചു. 98-ാം മിനിറ്റിൽ അബ്ദുന്നാസർ അൽ ഖയാതിയുടെ കൃത്യമായ കിക്ക് മുംബൈക്ക് വിജയം ഉറപ്പിച്ചു.