വീണ്ടും ഒരു ജൂലൈ 2 ഒരു പക്ഷെ കായിക ലോകത്തെ തന്നെ ഏറ്റവും വലിയ ദുരന്തം നടന്ന ദിവസം ! ഒരു സെൽഫ് ഗോളിന്റെ പേരിൽ സ്വന്തം ജീവിതം തന്നെ കൊടുക്കേണ്ടി വന്ന ആന്ദ്രേ എസ്കോബാർ വിട പറഞ്ഞിട്ട് ഇന്നേക്ക് 3 പതിറ്റാണ്ട് ഫിഫ ലോകകപ്പിന്റെ 15-ാം പതിപ്പ് അതും അമേരിക്കയിൽ നടന്ന ലോകകപ്പ് 1994 ജൂൺ 22 കൊളംബിയ അമേരിക്ക മത്സരം. കൊളംബിയയെ സംബദ്ധിച്ച് ഒരു പക്ഷെ അന്ന് അമേരിക്ക ഒരു എതിരാളി പോലുമായിരുന്നില്ല. കാരണം വാൾഡറാമ നയിച്ച കൊളംബിയ കിരീടം ചൂടാൻ കരുത്തുള്ള സംഘമായിരുന്നു എന്ന് പലരും വിലയിരുത്തിയിരുന്നു എന്നാൽ ആദ്യം മത്സരം പരാജയപ്പെട്ട് വന്ന കൊളംബിയയ്ക്ക് ജയത്തിൽ കുറഞ്ഞ് ഒന്നും ചിന്തിക്കാൻ കഴിയില്ലായിരുന്നു. മത്സരം ആരംഭിച്ച് ആദ്യ പകുതിയുടെ 34-ാം മിനിറ്റ്....! ഗാലറിയിലെ കൊളംബിയൻ ആരാധകർ മുഴുവൻ നിശ്ചലമായ നിമിഷം . മൈതാനത്ത് ആ ദുരന്തം സംഭവിച്ചിരിക്കുന്നു. അമേരിക്കൻ താരം ജോൺ ഹാർക്സ് ബോക്സിലേക്ക് ഒരു ക്രോസ് നൽകുന്നു. അതിനെ പ്രതിരോധിക്കാൻ അവിടെ ഉണ്ടായിരുന്നത് കൊളംബിയൻ ഡിഫൻഡർ എസ്കോബാറും! പക്ഷെ പ്രതിരോധിക്കാൻ നിന്ന എസ്കോബാറിന്റെ കാലിൽ തട്ടിയ പന്ത് ദിശമാറി കയറിയത് കൊളംബിയൻ ഗോൾ വലയിലേക്കും. കൊളംബിയൻ ഗോളി കൊർഡൊസെയ്ക്ക് ഒരു കാഴ്ച്ചക്കാരനായി നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാൽ 52ാം മിനിറ്റിൽ വീണ്ടും കൊളംബിയൻ ഗോൾ വല കുലുക്കി അമേരികൻ സംഘം ഗോൾ ലീഡ് രണ്ടായി ഉയർത്തി. ആശ്വാസ ഗോൾ വലെൻസിയ നേടിയെങ്കിലും ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം അമേരിക്കക്ക് ഒപ്പം നിന്നു. ഒരു പക്ഷെ ആ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ. ! എന്നാൽ തുടർന്ന് വന്ന മത്സരം ജയിക്കാൻ കഴിഞ്ഞെങ്കിലും കൊളംബിയയ്ക്ക് ക്വാർട്ടർ കടക്കാൻ കഴിഞ്ഞില്ല. അങ്ങനെ ലോകകപ്പ് നേടാൻ വന്ന കൊളംബിയൻ സംഘം നാണംകെട്ടു ആദ്യമേ പുറത്ത്... ! ഒരു പക്ഷെ അന്ന് കൊളംബിയൻ ആരാധകരിൽ നിന്നും ഒരുപാട് പഴിക്കേട്ടതും എസ്കോബാറിന് തന്നെയായിരിക്കും. ! അങ്ങനെ ആഴ്ച്ചകൾ കടന്ന് പോയി. ജൂലൈ 1 രാത്രി കൊളംബിയൻ നഗരമായ മെഡലിലെ ഒരു ബാറിൽ എസ്കോബാറും സുഹൃത്തുകളും ചിലവഴിക്കുന്ന സമയം. പുലർച്ചെയോടു അടുക്കുന്ന സമയം മദ്യപിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം എസ്കോബാറിനെ വളയുന്നു. പിന്നാലെ ആ സംഘം സെൽഫ് ഗോളിന്റെ പേരിൽ ആക്രോശിക്കുന്നു... ! എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കുന്നത്തിന് മുമ്പ് തന്നെ ആക്രമണക്കാരികൾ എസ്കോബാറിന് നേരെ നിറയൊഴിച്ചു. 12 തവണയാണ് വെടിയുണ്ടകൾ അയാളുടെ ശരീരത്തിൽ തുളച്ച് കയറിയത്. പിന്നാലെ ഗോൾ എന്ന് ഉറക്ക വിളിച്ച് പറഞ്ഞിരുന്നു ആക്രമികൾ എന്ന് അന്നത്തെ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. കായിക ലോകം ഞെട്ടിയ കൊലപാതകമായിരുന്നു അത്. ഒരു സെൽഫ് ഗോളിന്റെ പേരിൽ 27-ാം വയസ്സിൽ അയാൾക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു.